കേരള രാഷ്ട്രീയത്തിൽ ഒരാളുടെ ജീവിതം തന്നെ ഒരു വിരോധാഭാസമായി മാറിയ നേതാവാണ് സഖാവ് വി എസ് .

ഒരുകാലത്ത് ഒരു പരിഹാസവാചകമായി ആവർത്തിക്കപ്പെട്ട ഒരു വാചകമുണ്ടായിരുന്നു — പാർട്ടി ജയിച്ചാൽ വി.എസ്. തോൽക്കും, വി.എസ്. ജയിച്ചാൽ പാർട്ടി തോൽക്കും. ഇത് ഒരു തമാശയായിരുന്നില്ല; അത് പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ തുറന്ന സമ്മതമായിരുന്നു.

വി.എസ്. ജയിച്ച മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെടുകയും, പാർട്ടി അധികാരത്തിലെത്തുമ്പോൾ അദ്ദേഹം ഒതുക്കപ്പെടുകയും ചെയ്ത കാലങ്ങൾ നിരവധിയാണ്. വ്യക്തിപരമായ ജനപിന്തുണയും പാർട്ടി സംവിധാനവും തമ്മിലുള്ള സംഘർഷമാണ് ഇതിന് പിന്നിൽ. ജനങ്ങൾ വിശ്വസിച്ച നേതാവിനെ, സംഘടന പലപ്പോഴും സംശയത്തോടെ മാത്രമാണ് കണ്ടത്. ആ സംശയം പലപ്പോഴും കുത്തിനൊവിക്കുന്ന അവഗണനയായി, പിന്നിൽനിന്നുള്ള കുത്തുകളായി മാറി.

പാർട്ടിക്കുള്ളിലെ ശക്തികേന്ദ്രങ്ങൾ അദ്ദേഹത്തെ പലവട്ടം രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ ശ്രമിച്ചു. സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഭരണത്തിൽ നിന്നും തീരുമാനങ്ങളിലെയും ചർച്ചകളിലെയും കേന്ദ്രത്തിൽ നിന്നും മാറ്റിനിർത്താൻ നീക്കങ്ങൾ നടന്നു. എന്നിട്ടും വി.എസ്. പിന്നോട്ടില്ല. ശബ്ദം താഴ്ത്തിയില്ല, നിലപാട് മാറ്റിയില്ല. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ ചങ്കൂറ്റം രാഷ്ട്രീയ ചരിത്രമായി മാറിയത്.

അവസാനം ചരിത്രം തന്നെ തിരുത്തപ്പെട്ടു. ഒരിക്കൽ വി.എസ്. ജയിച്ചാൽ പാർട്ടി തോൽക്കും എന്ന് പറഞ്ഞവർ കണ്ടു — വി.എസ്. ജയിക്കുകയും പാർട്ടി ജയിക്കുകയും ചെയ്യുന്ന ദിവസം. എല്ലാ വിധ ഉള്ളുകളിയുടെയും, പുറകിൽനിന്നുള്ള കുത്തുകളുടെയും, രാഷ്ട്രീയ കണക്കുകൂട്ടലുകളുടെയും മുകളിലൂടെ അദ്ദേഹം ഉയർന്നു. പാർട്ടിയെ ജയിപ്പിച്ചും ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ആ വിജയം ഒരു വ്യക്തിയുടെ മാത്രമായിരുന്നില്ല. അത് സഹനത്തിന്റെ, ക്ഷമയുടെ, ദീർഘകാല പോരാട്ടത്തിന്റെ വിജയമായിരുന്നു. പാർട്ടിക്കുള്ളിലെ വിരോധങ്ങൾക്കുമപ്പുറം, വ്യക്തിപരമായ അഹങ്കാരങ്ങൾക്കുമപ്പുറം, ജനകീയ വിശ്വാസം എത്ര ശക്തമാണെന്നതിന്റെ തെളിവായിരുന്നു അത്.

അധികാരം ലഭിച്ചിട്ടും അദ്ദേഹം മാറിയില്ല. മുഖ്യമന്ത്രിയായിരുന്നിട്ടും അദ്ദേഹം നിലപാടിന്റെ നേതാവായി തുടർന്നു. അതുകൊണ്ടാണ് വി.എസ്. ഒരു മുൻമുഖ്യമന്ത്രി മാത്രമല്ല; കേരള രാഷ്ട്രീയത്തിലെ ഒരു അധ്യായം തന്നെയായി മാറിയത്.

പാർട്ടിയും വ്യക്തിയും ഒടുവിൽ ഒരുമിച്ച് ജയിച്ച അപൂർവ നിമിഷം — അതാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ചരിത്രം.

ലാൽ സലാം സഖാവേ , അങ്ങേക്ക് ആയിരം രക്തപുഷ്പങ്ങൾ !!

എന്നിലുണ്ട് ചങ്കൂറ്റം